ഖാര്‍ത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായം തേടി വെടിവെപ്പില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഭാര്യയും മകളും.
ഖാര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മൂന്നാഴ്ച മുന്‍പാണ് സൈബല്ലയും മകള്‍ മരീറ്റയും ഇവിടെ എത്തിയത്.
എട്ടു ദിവസമായി ഫ്‌ളാറ്റിന്റെ അടിത്തട്ടില്‍ കഴിയുകയാണ് കുടുംബം. നിലവില്‍ കുടിവെള്ളം ഉൾപ്പെടെ തീർന്നു. മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഖാര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ 15നാണ് ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്.
സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്‌ളാറ്റിലെ ബേസ്‌മെന്റില്‍ അഭയം തേടുകയായിരുന്നു ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.