അടൂര്‍: അനധികൃത മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച സി.പി.എം നേതാവിനെ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിപ്പര്‍ ലോറിയുടെ ചില്ല എറിഞ്ഞു തകര്‍ത്തു. അനധികൃത ഖനനത്തിന് എത്തിയ ഹിറ്റാച്ചിയും നാലു ടിപ്പര്‍ ലോറികളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഏഴംകുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് തൊടുവക്കാട് വേളമുരുപ്പ് കാവാടി ഏലായ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മുരുപ്പിന്റെ ഒരു വശത്തുള്ള അഞ്ചരയേക്കര്‍ ഭൂമിയില്‍ നിന്നാണ് മണ്ണ് ഖനനം ചെയ്തിരുന്നത്. പാസും പെര്‍മിറ്റുമുണ്ടെന്ന പേരില്‍ കഴിഞ്ഞ തിങ്കള്‍ മുതല്‍ ബുധന്‍ വരെ തുടര്‍ച്ചയായി മണ്ണ് എടുത്തിരുന്നു. അന്ന് സി.പി.എം നേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ വീണ്ടും മണ്ണെടുക്കാനെത്തിയപ്പോഴാണ് സി.പി.എം. കൊടുമണ്‍ ഏരിയ കമ്മറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണന്‍, കെ.പ്രസന്നകുമാര്‍, എസ്.സി ബോസ്, ലോക്കല്‍ കമ്മറ്റിയംഗം ആര്‍. മനോഹരന്‍, ബൂത്ത് സെക്രട്ടറി സുജനകുമാര്‍, ബ്രാഞ്ച് സെക്രട്ടറി കെ.സി ജോണ്‍, സി.പി സുഭാഷ്, ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത്.
തിങ്കളാഴ്ച വെളുപ്പിന് മണ്ണ് എടുത്ത് കൊണ്ടുപോകുവാന്‍ ടിപ്പറുകളും ടോറസും ഇവിടെ എത്തി. പാസും പെര്‍മിറ്റുമുണ്ടെന്നാണ് മണ്ണെടുക്കുന്നവര്‍ പറഞ്ഞത്. എന്നാല്‍, ആവശ്യപ്പെട്ടപ്പോള്‍ കാണിക്കാന്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാഹനത്തിന്റെ മുന്നില്‍ കയറി നിന്ന സുജന കുമാറിനെ വണ്ടി കയറ്റിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മണികണ്ഠന്‍ എന്ന ലോറിയുടെ മുന്നിലെ ചില്ല് എറിഞ്ഞു തകര്‍ക്കുകയായിരുന്നു.
പോലീസ് എത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.