ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ യുവതി രണ്ടര മണിക്കൂറിന് ശേഷം വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം തുടങ്ങി.
ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയെടുത്തു. വിവരങ്ങള്‍ യുവതിയില്‍ നിന്ന് എഴുതി വാങ്ങി.
കഞ്ഞികുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വേലിക്കകത്ത് വീട്ടില്‍ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യ(32)യാണ് വീട്ടില്‍ പ്രസവിച്ചത്. സംഭവം വിവാദമായതോടെമന്ത്രി പി. പ്രസാദ് യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിവരം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
19ന് പുലര്‍ച്ചെയാണ് ധന്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം പിന്നീട് വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പ്രസവത്തില്‍ ആറുമാസം വളര്‍ച്ചയെത്തിയ ആണ്‍കുട്ടി മരിച്ചിരുന്നു.
താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധന്യയെ ഇന്നലെ വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.