മല്ലപ്പള്ളി: മദ്യലഹരിയില്‍ ബന്ധുവിന് നേരെ വെടിയുതിര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കപ്പാറ മണ്ണില്‍ വീട്ടില്‍ റോബിന്‍ ജോസഫിനെ(41) യാണ് പെരുമ്പെട്ടി എസ്.എച്ച്.ഓ എം.ആര്‍. സുരേഷ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 10ന റോബിന്റെ വീടിന് മുന്നില്‍ നിന്ന ബന്ധുവായ മണ്ണില്‍ വീട്ടില്‍ കോശി തോമസിന് (41) നേരെയാണ് രണ്ടു വട്ടം നിറയൊഴിച്ചത്.
അമേരിക്കയിലായിരുന്ന റോബിന്‍ 10 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്. ഇയാളുടെ പിതാവിന്റെ കൈവശം തോക്കും അതിന് ലൈസന്‍സും ഉണ്ടായിരുന്നു. നേരത്തേയും വെടി വയ്ക്കുമെന്ന് ഇയാള്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. വെറുതെയാണെന്നാണ് പലരും കരുതിയിരുന്നത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ എല്ലാവരില്‍ നിന്നും അകന്നു ജീവിക്കുന്നയാളാണ് റോബിന്‍.
കുടുംബക്കാര്‍ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇയാള്‍ മദ്യപിച്ച് ബന്ധുക്കളെയെല്ലാം അസഭ്യം പറയുന്നത് പതിവാണ്. ഞായറാഴ്ചയും ഇത് ആവര്‍ത്തിച്ചു. ചുങ്കപ്പാറ-പെരുമ്പെട്ടി റോഡില്‍ റോബിന്റെ വീടിന് മുന്നില്‍ വച്ച് അസഭ്യം പറഞ്ഞപ്പോള്‍ കോശി ചോദിക്കാന്‍ ചെന്നതാണ്.
തുടര്‍ന്ന് വീട്ടില്‍ പോയി തോക്ക് എടുത്തു കൊണ്ട് വന്ന് വെടിവയ്ക്കുകയായിരുന്നെന്ന് കോശി പറയുന്നു. കോശിതോമസ് നിന്നതിന് സൈഡിലേക്കും റോഡിലേക്കും വെടിവയ്ക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു റോബിന്റെ പരാക്രമം. വെടിശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ തോക്ക് സമീപത്തെ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് റോബിനെയും തോക്കും ഉപയോഗിച്ച തിരകളും കസ്റ്റഡിയില്‍ എടുത്തു.
ഇയാള്‍ക്കെതിരേ ആംസ് ആക്ടും വധശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.