ഏഴംകുളം: പ്ലാന്റേഷന്‍ മുക്കിന് സമീപവും പറക്കോട് കോളൂര്‍പ്പടിയിലും കോട്ടമുകള്‍ പാലവിള ഭാഗത്തുമായി 14 പേരെ തെരുവുനായ കടിച്ചു. നായയെ ഒടുവില്‍ നാട്ടുകാര്‍ പാലവിള ഭാഗത്ത് തല്ലിക്കൊന്നു.
ഏഴംകുളം പ്ലാന്റേഷന്‍ മുക്ക് പുഷ്പനിലയം കോശി (58), അറുകാലിക്കല്‍ പടിഞ്ഞാറ് കൊച്ചുതുണ്ടില്‍ വീട്ടില്‍ ബേബി (74), അതിഥിത്തൊഴിലാളി ബിജോയ് (23), അറുകാലിക്കല്‍ പടിഞ്ഞാറ് കൊച്ചയ്യത്ത് വീട്ടില്‍ സജി (42), തൈവിളയില്‍ ആസാദ് മന്‍സിലില്‍ ആസാദ് (39), പനയംകുന്നില്‍ ബിജു (35), മാങ്കൂട്ടം നെല്ലിക്കുന്നം മനോജ് കുമാര്‍ (42), സജീവം വീട്ടില്‍ സദാനന്ദന്‍ (61),അറുകാലിക്കല്‍ പടിഞ്ഞാറ് സ്വദേശി ജോര്‍ജ് (65), നെടുമണ്‍ അമ്പാടിയില്‍ മുരളി (53), പറക്കോട് സ്വദേശികളായ അരുണ്‍ (38), സുദര്‍ശനന്‍ (62), സദാനന്ദന്‍, കോട്ടമുകള്‍ 17-ാം വാര്‍ഡില്‍ പാലവിളയില്‍ നാണി (85), മരുമകള്‍ ഉഷാ സുരേന്ദ്രന്‍ എന്നിവരെയാണ് നായ കടിച്ചത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പേ വിഷബാധയ്‌ക്കെതിരേയുള്ള ഇമ്യൂണോഗ്ലോബുലിന്‍ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ നായയുടെ കടിയേറ്റവര്‍ ചികിത്സ തേടിയത് തിരുവല്ല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍.
ഇവരെല്ലാം ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പ്രാഥമിക കുത്തിവയ്പ്പു ഐ.ഡി.ആര്‍.വി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. കുറച്ചു പേര്‍ സമീപത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ഇമ്യൂണോഗ്ലോബുലിന്‍ വാക്‌സിന്‍ വാങ്ങി നല്‍കി കുത്തിവയ്‌പെടുത്തു.
ശേഷിച്ചവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പോയി കുത്തിവയ്പ്പെടുത്തു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇമ്യൂണോഗ്ലോബുലിന്‍ കുറച്ചു മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ഇവിടെയെത്തി കുത്തിവയ്പ് എടുക്കാന്‍ വരുന്നതാണ് മരുന്ന് പെട്ടെന്ന് തീരാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു.