കാട്ടാക്കട: കിള്ളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ തകര്‍ത്തതായി പരാതി. കാട്ടാക്കട കിള്ളി അല്‍സലും മന്‍സില്‍ എസ്. അസ്ലാമിന്റെ വീടിന് മുന്നിലെ വാഹനങ്ങളാണ് തകര്‍ത്തത്. ജേറൂമി എന്നയാളും സംഘവുമാണ് അക്രമണത്തിന് പിന്നിലെന്ന് അസ്ലം നല്‍കിയ പരാതിയില്‍ പറയുന്നു.
വാഹനങ്ങള്‍ ലേലത്തില്‍ പിടിച്ച് മറിച്ചു വില്‍ക്കുന്നതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്നും പരാതിയുണ്ട്. ഇന്നലെ പുലര്‍ച്ചെ 1.45ന് അസ്ലമിന്റെ വീട്ടിലെത്തിയ ജേറൂമിയും സംഘവും അസ്ലമിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പന്തികേട് തോന്നിയ അസ്ലം പുറത്തിറങ്ങിയില്ല.
ഇതോടെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റ, മാരുതി വാഗണര്‍ തുടങ്ങിയ വാഹനങ്ങള്‍ സംഘം അടിച്ചു തകര്‍ക്കുകയുമായിരുന്നു. വീടിന്റെ ജനലുകളും സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.