പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ വിശേഷണം. രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ പൂര പ്രേമികൾ മുഴുവൻ തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയെത്തും.
കൊച്ചി മഹാരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പത്തു ക്ഷേത്രങ്ങളെ പങ്കെടുപ്പിച്ച് ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പാണ് പൂരത്തിന് തുടക്കം കുറിച്ചത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍.
കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്പള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.
പൂര ദിവസം തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവുമുണ്ടാകും.
കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢമായ കരിമരുന്നു പ്രയോഗം... ഓരോ വര്‍ഷവും വേറിട്ട അനുഭവമാണ് തൃശൂർ പൂരം കാണികൾക്ക് സമ്മാനിക്കുക. മേടമാസത്തില്‍ (ഏപ്രില്‍ - മേയ്) പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം നടക്കുക.
ഐതീഹ്യം
പല ഐതീഹ്യങ്ങളും തൃശൂർ പൂരത്തെക്കുറിച്ചുണ്ട്. ശക്തൻ തമ്പുരാൻ തൃശ്ശിവപേരൂർ ഭരിച്ചിരുന്ന കാലത്ത് ആറാട്ടുപുഴയിൽ നടക്കുന്ന ദേവസംഗമം കാണാൻ പോയി. ആറാട്ടുപുഴ ധർമശാസ്താവിന്റെ അമ്പലം സ്ഥിതി ചെയ്യുന്നത് ഒരു പാടത്തിന്റെ അറ്റത്താണ്. പുലർച്ചെ 2 മണിക്ക് നടക്കുന്ന ഈ ദേവസംഗമത്തിനു ഹിന്ദു മത വിശ്വാസപ്രകാരമുള്ള മുപ്പത്തിമുക്കോടി ദേവതകളും പരേതാത്മാക്കളും ചടങ്ങിൽ പങ്കുകൊള്ളാൻ വരുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം.
ഈ ദേവസംഗമം നടക്കുന്ന പാടത്ത് ദേശത്തുള്ള എല്ലാ ദേവി ദേവന്മാരും ആനപ്പുറത്ത് മേള അകമ്പടിയോടെ അണിനിരക്കും. ഒരു 75 ആനകൾ ഇങ്ങനെ പാടത്ത് നിരന്നു വിളക്കും പിടിച്ചു നിൽക്കും.
ഈ ദൃശ്യ ഭംഗി കണ്ടപ്പോൾ ശക്തൻ തമ്പുരാനു തോന്നി ഇതുപോലെ ഒരു ഗംഭീര ഉത്സവം നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന്. ഇത്രയും ദൂരത്തേക്ക് അന്നൊക്കെ ആളുകൾക്കു എത്താൻ ബുദ്ധിമുട്ടായിരുന്നല്ലോ. അങ്ങനെ ആറാട്ടുപുഴ പൂരം കണ്ടുവന്ന ശക്തൻ തമ്പുരാൻ തൃശ്ശൂർകാർക്ക് സൗകര്യപൂർവം ഒരു ഉത്സവം കാണാനായി ഉണ്ടാക്കിയതാണ് തൃശൂർ പൂരം.