തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിൽ.
തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26), കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25), പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ (24), ആറ്റിങ്ങൽ സ്വദേശി ശിവ (25) എന്നിവരാണ് പിടിയിലായത്. ജിഷ്ണുവാണ് ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കായി ശേഖരിക്കുന്നത്.
പരിശോധനയിൽ 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എംഡിഎംഎയും കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്ന പേപ്പറുകളും ഉൾപ്പെടെ പിടിച്ചെടുത്തു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ചിറയിൻകീഴിൽ വിദ്യാർത്ഥികളെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
നാർകോട്ടിക് സെൽ ഡിവൈഎസ്പി വി.റ്റി റാസിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ജിഷ്ണുവിന്റെ വീട് കേന്ദ്രീകരിച്ചു രാത്രിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളും യുവാക്കളും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത് പ്രകാരം കുറച്ചു നാളുകളായി പ്രദേശത്ത് ഡാൻസഫ് ടീം നിരീക്ഷണം നടത്തി വരികയായിരുന്നു.
തിരുവന്തപുരം റൂറൽ ഡാൻസഫ് ടീമും പൊലീസ് സംഘവും ചേർന്ന് ചിറയിൻകീഴ് മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിലായത്.