പീരുമേട്: ലൈസന്‍സില്ലാതെ പാചക വാതക വിതരണം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്.
മൂന്നാം തവണയാണ് ഇതേ വാഹനം പിടിച്ചെടുക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന് പിടികൂടി. പരിശോധനയില്‍ ലൈസന്‍സ്, ഫിറ്റ്‌നസ് എന്നീ രേഖകളില്ലെന്നു കണ്ടെത്തി. സുരക്ഷിതമല്ലാത്ത നിലയിലാണ് വാഹനം സര്‍വീസ് നടത്തിയിരുന്നതെന്നും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥന്‍ എം.ബി. ജയചന്ദ്രന്‍ പറഞ്ഞു.
വാഹനത്തിന്റെ പിന്‍ടയറുകള്‍ യാത്രായോഗ്യമല്ല. ഒരു ഭാഗത്തെ ബ്രേക്ക് ലൈറ്റ് പ്രവർത്തനരഹിതമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് 1000 രൂപ പിഴ അടപ്പിച്ചും മുഴുവന്‍ ഫിറ്റ്‌നസോടുകൂടി മോട്ടോര്‍ വാഹന വകുപ്പിനു മുന്‍പില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നു നിര്‍ദേശിച്ചും വാഹനം വിട്ടയച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിര്‍മല്‍ വിശ്വന്‍, ഷബീര്‍ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.