ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ ആത്മഹത്യ ചെയ്യാന്‍ വന്ന ഗൃഹനാഥനെ പോലീസ് അനുനയിപ്പിച്ച് അയച്ചു.
ജലഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന നാല്പത്തിയെട്ടുകാരന്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് എറണാകുളം പനങ്ങാടുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങളോട് പിണങ്ങി ആലപ്പുഴയിൽ എത്തുകയായിരുന്നു.
ഇന്നലെ വെളുപ്പിന് നാലിന് ആലപ്പുഴ ബീച്ചില്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് സന്ദേശം അയച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ബീച്ച് ഔട്ട് പോസ്റ്റിലേക്ക് വിവരം അറിയിച്ചു.
ഉടന്‍ തന്നെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പോലീസ് എസ്.ഐ പി. ജയറാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജു കെ. വിന്‍സെന്റ്, എം. ശാരിക, കോസ്റ്റല്‍ വാര്‍ഡന്‍മാരായ മെല്‍ബിന്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്ന് ബീച്ചില്‍ തിരച്ചില്‍ നടത്തുകയും ഇയാളെ കാറ്റാടി ഭാഗത്ത് നിന്നും കണ്ടെത്തി അനുനയിപ്പിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.