തൊടുപുഴ: അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മോക്ഡ്രില്‍ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.
അരികൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വനംവകുപ്പിന്റെ നീക്കം.
പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് ഇന്ന് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നല്‍കും.
ദൗത്യ മേഖലയായ സിമന്റ് പാലത്തിനും 301 കോളനിക്കും സമീപത്തായി അരികൊമ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്ന് ചിന്നക്കനാലില്‍ ഉണ്ടാവും. ദൗത്യത്തിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘവും മൂന്നാറിലെത്തി.
ആനയെ എങ്ങോട്ട് മാറ്റണമെന്നതും എന്ന് മാറ്റും എന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ദൗത്യത്തിന് മുന്നോടിയായാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാല്‍ അടുത്ത ദിവസം തന്നെ ദൗത്യത്തിലേക്ക് കടക്കും.
എന്നാല്‍, കാലാവസ്ഥ പ്രതികൂലമാകുമോയെന്ന ആശങ്കയുമുണ്ട്.