സെസി സേവ്യര്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്; കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

author-image
neenu thodupuzha
New Update

ആലപ്പുഴ: അഭിഭാഷക എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി രണ്ടര വര്‍ഷത്തോളം ആലപ്പുഴ ജില്ലയിലെ വിവിധ കോടതികളേയും അഭിഭാഷകരേയും പൊതുജനങ്ങളേയും കബളിപ്പിച്ച സെസി സേവ്യര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

Advertisment

കുട്ടനാട് രാമങ്കരി സ്വദേശിയായ സെസി സേവ്യ(29)റെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

publive-image

ഇതോടൊപ്പം സെസിയുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയില്‍ വരും. മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഈ സമയത്ത് നേരിട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. 21 മാസമാണ് പ്രതി ഒളിവിലിരുന്നത്. ചില ബന്ധുക്കളുടെ സഹായത്തോടെ നേപ്പാളില്‍ താമസിച്ചതായാണ് വിവരം.

സെസിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
മധ്യപ്രദേശിലും ഡല്‍ഹിയിലും
സെസിക്കായി പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണസംഘം എത്തുന്നതിന് മുമ്പ് സെസി സ്ഥലം വിടുകയായിരുന്നു പതിവ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ആലപ്പുഴ കോടതിയില്‍ പ്രതി എത്തി. എന്നാല്‍,  പോലീസ് സാന്നിധ്യമറിഞ്ഞു അവിടെ നിന്നും മുങ്ങി.

തുടര്‍ന്ന് ബാര്‍ കൗണ്‍സിലിന്റെ ആവശ്യപ്രകാരമാണ് കേസ് രണ്ടാഴ്ചകള്‍ക്കു മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികഅന്വേഷണത്തില്‍ തന്നെ പ്രതി നേപ്പാളില്‍ ഉണ്ടെന്ന സൂചന ലഭിച്ചിരുന്നു.

അന്വേഷണസംഘം തനിക്ക് പിന്നാലെയുണ്ടെന്നു മനസിലായതോടെയാണ് കോടതിയില്‍ സെസി സേവ്യര്‍ കീഴടങ്ങിയതെന്നാണ് നിഗമനം.

സെസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണ സംഘത്തിന് ഇതുവരെയും സെസിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Advertisment