തൊടുപുഴയിൽ പ്രഭാതനടത്തത്തിനിറങ്ങിയ മധ്യവയസ്‌കനുനേരേ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ബൈക്കിലെത്തി ഗുണ്ടാ ആക്രമണം; അക്രമികൾ കടന്നു കളഞ്ഞത് മൊബൈൽ ഫോണും തട്ടിയെടുത്ത്

author-image
neenu thodupuzha
New Update

തൊടുപുഴ:  പ്രഭാതനടത്തത്തിനിറങ്ങിയ മധ്യവയസ്‌കന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഇഞ്ചിയാനി പുറക്കാട് ഓമനക്കുട്ടനാ (44) ണ് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ രാവിലെ ആറേമുക്കാലോടെ വീടിന് സമീപമുള്ള ഇട റോഡില്‍വച്ചാണ് ആക്രമണമുണ്ടായതെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു.

Advertisment

publive-image

നടന്നുവരുമ്പോൾ അപരിചിതരായ ഒരാള്‍ ബൈക്കിൽ ഇരിക്കുകയും കൂടെയുള്ളയാള്‍ റോഡില്‍ നില്‍ക്കുകയുമായിരുന്നു. ഓമനക്കുട്ടനാണോ എന്നു ചോദിച്ചപ്പോള്‍ അതെയെന്ന് മറുപടി പറഞ്ഞു. ഇതോടെ ഇരുവരും തന്റെ മുഖത്തേക്ക് മുളകുപൊടി വിതറി ആക്രമിച്ചെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു.

പിടിവലിക്കിടെ അക്രമികള്‍ കല്ല് ഉപയോഗിച്ച് കാലില്‍ ഇടിക്കുകയും ചെയ്തു. അക്രമിക്കപ്പെട്ടതോടെ ഓമനക്കുട്ടന്‍ നിലവിളിച്ചെങ്കിലും തൊട്ടടുത്ത് വീട് കുറവായിരുന്നു. ഏതാനും മീറ്റര്‍ ദൂരെയുള്ള വീട്ടിലെ യുവാവ് ശബ്ദം കേട്ട്  ഓടിയെത്തി. ഇതോടെ അക്രമികള്‍   രക്ഷപ്പെട്ടു. അക്രമികള്‍ ഓമനക്കുട്ടന്റെ മൊെബെല്‍ ഫോണും തട്ടിയെടുത്തുകൊണ്ടാണ് പോയത്.

കാലിനു പരുക്കേറ്റ ഓമനക്കുട്ടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു. ഇവര്‍ ക്വട്ടേഷന്‍ സംഘമാണോ എന്നും സംശയമുണ്ട്.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സമീപപ്രദേശത്തുള്ള സഹകരണ ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചു. അക്രമികളെന്നു കരുതുന്ന രണ്ടംഗ സംഘം ഇതുവഴി ബൈക്കിൽ കടന്നുപോകുന്നതിന്റെ ദൃശ്യം ലഭിച്ചു. സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Advertisment