രാജകുമാരി: കാലാവസ്ഥ അനുകൂലമായാല്‍ അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വനംവകുപ്പ്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിന്റെ 1, 2 ,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും.
ഇന്ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തദിവസം തുടരും എന്നും കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് പറഞ്ഞു.
നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ പുലര്‍ച്ചെ 4.30ന് ദൗത്യം ആരംഭിക്കും. നൂറ്റമ്പതോളം വരുന്ന ദൗത്യസംഗമാണ് പ്രവര്‍ത്തിക്കുന്നത്.
ദൗത്യത്തിനു മുന്നോടിയായി കോട്ടയം സര്‍ക്കിള്‍ സി.സി.എഫ്. അരുണ്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ചിന്നക്കനാലില്‍ വനം, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് എന്നീ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച വിശദമായ യോഗം ചേര്‍ന്നു. ദൗത്യ സംഘാംഗങ്ങള്‍ക്ക് ഏതുതരത്തില്‍ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
രാവിലെ 4. 30ന് ദൗത്യം ആരംഭിച്ചാല്‍ ഏഴോടെ മയക്കുവെടി വെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ന് ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ കഴിയും. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ദിവസത്തേക്ക് ദൗത്യം തുടരുമെന്നും കോട്ടയം രാജേഷ് പറഞ്ഞു. അതേസമയം മയക്കുവെടിവച്ച് അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകും എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
എന്നാല്‍, ഇടുക്കിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വും അഗസ്ത്യാര്‍കൂടവും വനവകുപ്പ് പരിഗണിക്കുന്നതായാണ് സൂചന. കൊണ്ടുപോകുന്ന സ്ഥലത്തെ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാല്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനംവകുപ്പ് സ്ഥലം സംബന്ധിച്ച സൂചനകള്‍ പുറത്ത് വിടാത്തത്.