ചെങ്ങന്നൂര്‍: അടയിരുന്ന മൂര്‍ഖനെ മാളത്തില്‍ നിന്നും പിടികൂടി. കുറ്റൂര്‍ വള്ളംകുളം റൂട്ടില്‍ മന്നത്താന്‍ചിറ-മാമ്പറമ്പ് റോഡില്‍ മന്നത്താന്‍ ചിറപറമ്പിലെ കൈയ്യാലയിലെ മാളത്തില്‍ അടയിരുന്ന അഞ്ചരയടി നീളമുള്ള മൂര്‍ഖനെയാണ് സ്‌നേക് ക്വാച്ചര്‍ പൂമല പറങ്കാമൂട്ടില്‍ സാംജോണ്‍ പിടികൂടിയത്.
26 മുട്ടകളും മാളത്തില്‍ നിന്നും കണ്ടെടുത്തു. മന്നത്താന്‍ചിറ ഗോപകുമാറിന്റെ വീടും പലചരക്കുകടയും നില്‍ക്കുന്ന പറമ്പിലെ കൈയ്യാലയ്ക്കകത്തെ മാളത്തിലാണ് ഇവ കാണപ്പെട്ടത്.
ഗോപകുമാറിന്റെ അമ്മാവന്‍ വടക്കേ മാമ്പറമ്പില്‍ കേശവപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് പറമ്പ്. പൊതുവഴിയായ ഇവിടെ പല ദിവസം മുര്‍ഖനെ വീട്ടുകാര്‍ കണ്ടിരുന്നു. മുട്ട കൂടി കാണപ്പെട്ടതോടെ ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് മൂര്‍ഖന്റെ സാന്നിധ്യം ഭീഷണിയാകുമെന്ന് കരുതിയാണ് ഗോപകുമാര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചത്.
അധികൃതർ ഫോറസ്റ്റ് കെയര്‍ ടേക്കര്‍ സാമിനെ വിവരം അറിയിക്കുകയായിരുന്നു. സാം എത്തി അര മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് മൂര്‍ഖനെ പിടികൂടി ചാക്കിലാക്കുകയും മുട്ട ഭരണിയിലേക്ക് മാറ്റുകയും ചെയ്തു. ഇവ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.