കോഴഞ്ചേരി: ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ബിവറേജസ് ഔട്ട് ലെറ്റ് വീണ്ടും കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കാന്‍ നീക്കം.
നേരത്തെ കോഴഞ്ചേരി ജില്ലാ ആശുപത്രി വണ്‍വേ റോഡിലായിരുന്നു സര്‍ക്കാര്‍ മദ്യ വില്‍പ്പനശാല പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് താത്ക്കാലികമായി പൂട്ടിയത്.
പിന്നീട് കോഴഞ്ചേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വ്യാപാര ശാലയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ നോക്കിയെങ്കിലും നിരവധി കാരണങ്ങളാല്‍ നടന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഭരണ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ബിവറേജസ് കോര്‍പ്പറേഷനും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. വിതീര്‍ണ്ണം കുറഞ്ഞ കോഴഞ്ചേരി നഗരത്തില്‍ മിക്കയിടത്തും വിദ്യാലയങ്ങളും വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങളുമാണ്. ഇതിനാല്‍ എവിടെ തുടങ്ങുന്നതിനും തടസങ്ങളുണ്ട്. ഇതേ തുടര്‍ന്നാണ് ഔട്ട് ലെറ്റ് ആരംഭിക്കുന്നത് നീണ്ടു പോയത്.
ഇപ്പോള്‍ കോഴഞ്ചേരി നഗത്തിലൂടെ കടന്നുപോകുന്ന തിരുവല്ല -പത്തനംതിട്ട റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ കെട്ടിടത്തിലാണ് മദ്യ വില്‍പ്പനശാല തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കോഴഞ്ചേരിയിലെ ചില ഭരണ കക്ഷി നേതാക്കളുടെ നിര്‍ദേശ പ്രകാരം കെട്ടിട ഉടമയും കോര്‍പ്പറേഷന്‍ അധികൃതരും തമ്മില്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബീവറേജ് കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയതെന്നാണ് സൂചന.സംസ്ഥാന പാതയിലേക്ക് ദര്‍ശനം വരാത്ത വിധം നിശ്ചിത അകലത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. റോഡിലേക്ക് ദര്‍ശനം ഇല്ലാത്തതിനാല്‍ ക്യൂ നില്‍ക്കുന്നവരെ റോഡിലൂടെ പോകുന്നവര്‍ക്ക് കാണാനും കഴിയില്ല.
ആവശ്യത്തിന് പാര്‍ക്കിങ് മേഖലയും ക്രമീകരിച്ചിട്ടുണ്ട്.പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മദ്യ വില്‍പ്പന ശാല തുറക്കാന്‍ കഴിയും. കോഴഞ്ചേരി നഗരത്തില്‍ നിന്നും ഒഴിഞ്ഞ് മല്ലപ്പുഴശേരിയോട് ചേര്‍ന്നാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന് സമീപം ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഇല്ല. ഇവിടെ മദ്യശാല വരുമെന്നാണ് വിവരം. നേരത്തെ രണ്ട് ബാറുകള്‍ ഉണ്ടായിരുന്ന കോഴഞ്ചേരിയില്‍ ഇപ്പോള്‍ ഒരെണ്ണം മാത്രമാണുള്ളത്.