തൊടുപുഴ-പാലാ റോഡിൽ മാലിന്യം  തള്ളുന്ന ആലപ്പുഴ സ്വദേശികളെ  ഓടിച്ചിട്ടു പിടികൂടി രാമപുരം പോലീസ്

author-image
neenu thodupuzha
New Update

കുറവിലങ്ങാട്/രാമപുരം: വഴിയോരത്ത് മാലിന്യം തള്ളുന്ന സംഘത്തെ രാമപുരം പോലീസ് പിടികൂടി. ചേര്‍ത്തല തൈക്കാട്ടുശേരി പോളക്കാട്ടില്‍ എ.പി. അരുണ്‍ (33), ചേര്‍ത്തല മനാപ്പുരം മഹേശപുരത്ത് കൈലാസന്‍ (42), പൂച്ചാക്കല്‍ തൈക്കാട്ടുശേരി പൊന്‍പുറത്ത് സാബു (34), പാലായിലെ ഹോട്ടല്‍ ഉടമ തിടനാട് കൊണ്ടൂര്‍ നിരപ്പേല്‍ ദിലീപ് (42) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. തൊടുപുഴ -പാലാ റോഡില്‍ പിഴകില്‍ പുലര്‍ച്ചെ മാലിന്യം തള്ളുന്നതിനിടയിലാണ് സംഘം പിടിയിലായത്.

Advertisment

publive-image

പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി നടത്തിയ പരിശോധനയിലാണ് വീണ്ടും മാലിന്യവുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇവര്‍ മാലിന്യം കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനം കോടതിയില്‍ ഹാജരാക്കി.

മാലിന്യം നീക്കം ചെയ്യുന്നതിന് പരിശീലനം നേടുകയോ, അതിനാവശ്യമായ ഉപകരണങ്ങളോ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളോ സ്ഥല സൗകര്യമോ ഉളളവരല്ല പിടിയിലായവര്‍. ആറായിരം രൂപയാണ് മാലിന്യം നീക്കം ചെയ്യാന്‍ കൈപ്പറ്റുന്നത്. മൂന്ന് പേരാണ് സംഘത്തിലുള്ളത്.

രണ്ടാഴ്ച മുമ്പ് എം.സി. റോഡില്‍ വെളിയന്നൂര്‍ പഞ്ചായത്ത് പരിധിയിലുള്ള പുതുവേലിയിലെ എക്കോഷോപ്പിന് സമീപത്തെ ഓടയില്‍ ഹോട്ടല്‍ മാലിന്യം ഒഴുക്കിയിരുന്നു. സമീപവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ബ്ലീച്ചിങ് പൗഡര്‍ വിതറി അണുനശീകരണം നടത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി രാമപുരം, കടനാട്, കൂത്താട്ടുകുളം, വെളിയന്നൂര്‍, ഉഴവൂര്‍ എന്നീ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം റോഡ് സൈഡില്‍ തള്ളുന്നവരാണിവർ.   കഴിഞ്ഞ 21 ന് പാലാ-തൊടുപുഴ റോഡില്‍ അഞ്ചാം മൈലില്‍ ഇവര്‍ കക്കൂസ് മാലിന്യം തള്ളി നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് വണ്ടിയുമായി രക്ഷപ്പെട്ടിരുന്നു. കടനാട് പഞ്ചായത്ത് ഐങ്കൊമ്പ് വാര്‍ഡ് മെമ്പര്‍ സിബി ചക്കാലയ്ക്കല്‍ മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലും, പഞ്ചായത്തിലും അന്ന് പരാതി നല്‍കിയിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസവും ഇവര്‍ മാലിന്യം റോഡുസൈഡില്‍ നിക്ഷേപിക്കാനെത്തി. ബുധനാഴ്ച്ച രാത്രി 2-ന് പാലാ - തൊടുപുഴ റോഡിലെ അഞ്ചാം മൈലില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് ഇടയ്ക്കാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസ് എത്തുന്നത് കണ്ട് വാഹനവുമായി രക്ഷപെടുവാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. അന്തീനാട് കേന്ദ്രീകരിച്ചുള്ള ഒരു ഹോട്ടലിലെ മാലിന്യവും ഇവര്‍ പല പ്രദേശങ്ങളിലും തള്ളിയിരുന്നു. ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.എസ്.എച്ച്.ഒ.എം.എസ്. ജിഷ്ണു, എസ്.ഐ. ജോര്‍ജ് മാത്യു, എ.എസ്.ഐ. എം.ടി. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment