നാദാപുരം: വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ സ്വകാര്യ വാട്ട് സാപ്പ് വിവരങ്ങൾ ചോർത്തി പ്രചരിപ്പിച്ച് അപവാദം നടത്തിയ അധ്യാപകൻ അറസ്റ്റിൽ.
കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വിഗ്നേശ്വര ഹൗസിലെ പ്രശാന്തി(40)നെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ വടകര കോടതി റിമാൻഡ് ചെയ്തു.
ബോംബെയിൽ ജോലി ചെയ്യുന്ന യുവാവുമായി അടുത്ത മാസം 20ന് യുവതിയുടെ കല്യാണം ഉറപ്പിച്ചിരിക്കയായിരുന്നു. സഹപ്രവർത്തകയായ യുവതിയുടെ ലാപ്പ് ടോപ്പിൽ നിന്ന് വാട്സാപ്പ് വിവരങ്ങൾ ചോർത്തുകയും ഇതിൽ നിന്ന് എടുത്ത ഫോട്ടോകളും മറ്റു കുറിപ്പുകളുമടങ്ങിയ പെൻഡ്രൈവ് കോഴിക്കോടുള്ള ഒരു കൊറിയർ സ്ഥാപനം വഴി പ്രതി ബോംബെയിലുള്ള യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു.
യുവാവിന് ലഭിച്ച പെൻഡ്രൈവുമായി യുവാവിൻ്റെ വീട്ടുകാർ എടച്ചേരിയിലെ യുവതിയുടെ വീട്ടിലെത്തുകയും വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയുമായിരുന്നു.
കോഴിക്കോട്ടെ കൊറിയർ ഓഫീസ് വഴിയാണ് തനിക്ക് പെൻഡ്രൈവ് കിട്ടിയതെന്ന് ബോംബെയിലെ യുവാവ് അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം കോഴിക്കോട്ടെത്തി കൊറിയർ സെന്ററിലെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഈ ദൃശ്യങ്ങളിൽ നിന്ന് യുവതി പ്രതിയായ പ്രശാന്തിനെ തിരിച്ചറിയുകയും വടകരയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.