വെങ്ങല്ലൂരിൽ 15കാരിയെ പ്രലോഭിപ്പിച്ച്  ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമം;  പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍,  കൊല്‍ക്കൊത്തയിലെത്തി പോലീസ്  പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് സാഹസികമായി; പ്രതിക്ക് നാട്ടില്‍  ഭാര്യയും മക്കളും

author-image
neenu thodupuzha
New Update

തൊടുപുഴ: പ്രണയം നടിച്ച് ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയെ പോലീസ് കൊല്‍ക്കൊത്തയിലെത്തി രക്ഷിച്ചു. പ്രതിക്ക് നാട്ടില്‍ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Advertisment

publive-image

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖി(23)നെ പോലീസ് അറസ്റ്റ് ചെയ്ത് തൊടുപുഴയിലെത്തിച്ചു. വിമാന മാര്‍ഗമെത്തിയാണ് മൂന്ന് ദിവസം കൊണ്ട് പോലീസ് പെൺകുട്ടിയും പ്രതിയുമായി മടങ്ങിയത്. അതിസഹസികമായാണ് പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

22നാണ് വെങ്ങല്ലൂരിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതിയായ സുഹൈല്‍ ഷെയ്ഖിനേയും കാണാതായത്. രക്ഷിതാക്കള്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയത്.

സുഹൈലിന് ഒപ്പം ജോലി ചെയ്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്‍ക്കൊത്തയിലേക്ക് കടന്നതായ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവിനേയും കൂട്ടി പോലീസ് സംഘം 26ന് വിമാന മാര്‍ഗം കൊല്‍ക്കൊത്തയിലേക്ക് പുറപ്പെട്ടു.

അന്വേഷണത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ഇരുവരുമുണ്ടെന്ന് മനസിലാക്കി ഡോംഗോൾ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. അവിടുത്തെ സി.ഡബ്‌ള്യു.സിക്ക് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ ഏല്‍പ്പിച്ചു

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി സുഹൈലിനെ സ്വന്തം വീട്ടില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ബഹ്‌റാംപൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെയും പെണ്‍കുട്ടിയേയും കോടതിയുടെ അനുമതിയോടെയാണ് തൊടുപുഴയിലെത്തിച്ചത്.  സുഹൈലിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയേയും പെണ്‍കുട്ടിയേയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.  ശേഷം മുട്ടത്തെ കോടതിയില്‍ ഹാജരാക്കും

ജില്ലാ പോലീസ് മേധാവി വി.യു.  കുര്യാക്കോസ്, തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു, സി.ഐ: വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എസ്‌ഐ ജി. അജയകുമാര്‍, ഗ്രേഡ് എസ്‌ഐ പി.കെ.   സലീം, എസ്‌സിപിഒ വിജയാനന്ദ് സോമന്‍, സിപിഒ ഹരീഷ് ബാബു, വനിതാ സിപിഒ നീതുകൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment