തിരുവനന്തപുരം: യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് മാതാവ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് യുവാവിൻ്റെ മാതാവ് പത്മകുമാരി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ടാപ്പിങ് തൊഴിലാളിയായ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടിൽ അനീഷി(32) നെ മാർച്ച് 5ന് രാത്രി 10.30നാണ് വയറ്റിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനീഷ് സ്വയം ടാപ്പിങ് കത്തി ഉപയോഗിച്ച് കുത്തി മുറിവേൽപിച്ചെന്നാണ് മൊഴിയെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, തൻ്റെ മകൻ കൊല്ലപ്പെട്ടതാണെന്നും സംഭവ സമയം വീട്ടിൽ കൂടുതൽ ആളുകളുണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും മാതാവ് പരാതിയിൽ പറയുന്നു.
സംഭവ ദിവസം രാത്രി അനീഷിന്റെ മകൾ വിളിച്ചിട്ട് അച്ഛൻ കുത്തേറ്റ് കിടക്കുന്നു എന്നാണ് അറിയിച്ചത്. ദേഹത്ത് കത്തി കൊണ്ട് കുത്തിയ 3 പാടുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങൾ പുറത്തു ചാടിയ നിലയിലുമായിരുന്നു. മകന് സ്വന്തം നിലയിൽ ഇത്തരത്തിൽ മുറിവേൽപ്പിക്കാൻ കഴിയില്ലെന്നും മറ്റാരോ അപകടപ്പെടുത്തിയതാണെന്നു സംശയിക്കുന്നുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി മാറ്റി നൽകിയതാണെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും പത്മകുമാരി പരാതിയിൽ പറയുന്നു.