ചാരുംമൂട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. നൂറനാട് പാലമേല്‍ മണലാടി കിഴക്കതില്‍ അന്‍ഷാദി(29)നെയാണ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചതായി യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്‍സ്റ്റഗ്രാം വഴിയാണ് എന്‍ജിനിയറിങ് ബിരുദധാരിയായ യുവതിയെ പ്രതി പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ കഴിഞ്ഞ വര്‍ഷം പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന യുവതിയെ അന്‍ഷാദ് നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി മരടിലുള്ള ഒരു ഹോംസ്‌റ്റേയില്‍വച്ചും പീഡിപ്പിച്ചു.
എന്നാൽ, വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ അന്‍ഷാദ് ഒഴിഞ്ഞു മാറുകയും വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ യുവതിയെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. എറണാകുളം മരട് പോലീസ് സ്‌റ്റേഷനില്‍ യുവതി മൊഴി നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പരാതി നൂറനാട് പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതിയുടെ മൊെബെല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വിവാഹിതരും അവിവാഹിതരുമായ നിരവധി യുവതികളെ ഇത്തരത്തില്‍ വശീകരിച്ച് വലയിലാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഫോട്ടോഗ്രാഫറായ ഇയാള്‍ തന്റെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ ഫില്‍റ്റര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു വശീകരിക്കുക എന്നുള്ളതായിരുന്നു രീതിയെന്നും പോലീസ് പറഞ്ഞു.
ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അടൂരില്‍ നിന്നും നൂറനാട് സി.ഐ: പി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
എസ്.ഐമാരായ നിതീഷ്, ബിന്ദുരാജ്, എ.എസ്.ഐ: രാജേന്ദ്രന്‍, സി.പി.ഒമാരായ വിഷ്ണു, ജയേഷ്, രാധാകൃഷ്ണനാചാരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.