അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് ബൈക്ക് ടൂറിസ്റ്റ് ബസില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
തൃശൂര്‍ വരാക്കര ആമ്പല്ലൂര്‍ വെളിയത്ത് പറമ്പില്‍ കനകന്റെ മകന്‍ കാര്‍ത്തിക് (20), കോട്ടയം എരുമേലി മുട്ടപ്പള്ളി വെള്ളം പറമ്പില്‍ ഷാജിയുടെ മകന്‍ അരവിന്ദ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം ഐ.ഐ.എം.എസ്എസ് . എന്ന സ്ഥാപനത്തിൽ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ചിരുന്ന വിദ്യാര്‍ഥികളായിരുന്നു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി പത്താംമൈല്‍ കോളനി പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെ യാണ് അപകടം.
ഇവര്‍ കാക്കനാട് വൈല്‍ഡ് ബഫേ കഫേ സെന്ററിലെ പാര്‍ട്ട് ടൈം ജീവനക്കാരുമാണ്. രണ്ട് ബൈക്കുകളിലായി നാല് പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ എറണാകുളത്ത് നിന്നും മൂന്നാറിലെ മഞ്ഞ് വീഴ്ച കാണുവാന്‍ വന്നതാണ്. ആറരയോടെ മൂന്നാറില്‍ എത്തി. മഞ്ഞ് വീഴ്ച കണ്ടതിന് ശേഷം തിരികെ എറണാകുളത്തിന് പോകും വഴിയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.
പത്ത് മണിയോടെ കടയില്‍ ഡ്യൂട്ടിക്ക് കയറുവാനായി വേഗത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്. പത്താംമൈല്‍ കോളനിപാലത്തിന് സമീപത്ത് എത്തിയപ്പോള്‍ ചാലക്കുടിയില്‍ നിന്നും മൂന്നാറിന് വരികയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്‍വശത്തേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.
അരവിന്ദാണ് ബൈക്ക് ഓടിച്ചിരുന്നത്. ബസിന്റെ വലതു വശത്തെ ടയറിന്റെ മുകളില്‍ ഇടിച്ച് ബൈക്ക് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വീഴ്ച്ചയില്‍ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍ ഇവരെ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ അടിമാലി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
ഷീബയാണ് മരിച്ച കാര്‍ത്തികിന്റെ മാതാവ്. കാവ്യ ഏക സഹോദരിയാണ്. രമണിയാണ് അരവിന്ദന്റെ മാതാവ്. ജിത്തു ഏക സഹോദരന്‍. വെള്ളിയാഴ്ച അഞ്ചരയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.