നെടുങ്കണ്ടം: മാതാവ് ക്രൂരമായി മര്‍ദിച്ച എട്ടു വയസുകാരി ഗുരുതര പരുക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ഇവരുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. രണ്ടാമത്തെ വിവാഹത്തില്‍ മറ്റൊരു കുട്ടിയുമുണ്ട്.
ബുധനാഴ്ച രാവിലെയാണ് എട്ടു വയസുകാരിയെ അമ്മ വഴക്കു പറയുകയും മര്‍ദിക്കുകയും ചെയ്തത്. ഈ കുട്ടിയുടെ വല്യമ്മയും ഇവരുടെ കൂടെയാണ് താമസം. രാവിലെ ഇവര്‍ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അമ്മ കുട്ടിയെ വഴക്കു പറയുന്നത് കേട്ട് വല്യമ്മ വീട്ടിലേക്ക് തിരികെ വരികയും കുട്ടിയെ വഴക്കുപറയുകയും അടിക്കരുതെന്നും പറഞ്ഞു.
ഇതുകേട്ട് പ്രകോപിതമായ മാതാവ് കുട്ടിയേയും വല്യമ്മയേയും അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരമാകെ ചതവും അടിയേറ്റ പാടുകളുമുണ്ട്. വിവരം പോലീസില്‍ അറിയിച്ചതോടെ ഇവര്‍ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്കു ശ്രമിച്ചു. കമ്പംമെട്ട് പോലീസ് ഉടന്‍ സ്ഥലതെത്തിയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഷാള്‍ മുറിച്ച് മാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.