സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡി.വൈ.എസ്.പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

author-image
neenu thodupuzha
New Update

ഹരിപ്പാട്: സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട.ഡി.വൈ.എസ്.പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുമാരപുരം പുത്തേത്ത് വീട്ടില്‍ ഹരികൃഷ്ണനെ(58)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേപ്പാട് രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള ലെവല്‍ക്രോസില്‍ ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്‌സ്പ്രസാണ് തട്ടിയത്.

Advertisment

publive-image

സംഭവം നടന്നയുടന്‍  ലോക്കോ പൈലറ്റ് കായംകുളം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കരീലക്കുളങ്ങര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആളിനെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം വന്ന കാര്‍ സമീപത്തെ റോഡരികില്‍ കണ്ടെത്തി. കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.

എറണാകുളം മേക്കാലടിയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള കാറാണിത്. നിലവില്‍ സി.എഫ്.സി.ഐ.സി.ഐ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിജിലന്‍സ് മേധാവിയാണ് ഇദ്ദേഹം. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയായിരുന്ന ഹരികൃഷ്ണന്‍ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസുമുണ്ട്. സരിത എസ്. നായരെ അറസ്റ്റ് ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റ് ചെയ്തത് ഉന്നതരെ സംരക്ഷിക്കാനെന്നായിരുന്നു ആരോപണം. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തലശേരിയില്‍ നിന്ന് പുറപ്പെട്ട പോലീസ് സംഘത്തെ മറികടന്നു ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു ആക്ഷേപം. ഇദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ ഫ്‌ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ഒട്ടേറെ രേഖകള്‍ അന്ന് പിടിച്ചെടുത്തു. സമീപകാലത്ത് ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയാണെന്നും മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പോലീസ് പറഞ്ഞു.

Advertisment