തുറവൂര്‍: യുവാവിനെ ഹെല്‍മറ്റും ഇഷ്ടികയും കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ചന്തിരൂര്‍ കല്ലൂക്കാരന്‍ വീട്ടില്‍ ഷിബിന്‍ ജോസഫി (20)നെയാണ് അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചന്തിരൂര്‍ പാറ്റുവീട്ടില്‍ ജോസിന്റെ മകന്‍ ഫെലിക്‌സ് (28) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഫോണ്‍ ഉപയോഗിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്.
പ്രതിയുടെ ലൊക്കേഷന്‍ പോലീസ് കണ്ടെത്തി ബംഗളുരുവില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ മുടിയുടെ കളര്‍ മാറ്റി പഞ്ചാബിലേക്ക് കടക്കാനായിരുന്നു ഇയാളുടെ നീക്കം. ഇതിന് പണം വാങ്ങാന്‍ മരട് സ്വദേശിയായ സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായി. കഴിഞ്ഞ 13ന് രാത്രിയാണ് ഫെലിക്‌സ് മദ്യപാനത്തിനിടെ യുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.
അരൂര്‍ സി.ഐ സുബ്രഹ്മണ്യന്‍, എസ്.ഐ അനീഷ് കെ. ദാസ്, സി.പി.ഒമാരായ നിധിന്‍, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.