കുഞ്ചിത്തണ്ണി: ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ബിസിനസ് ലോണും പേഴ്‌സണല്‍ ലോണും സ്വകാര്യ ബാങ്കില്‍നിന്നും ഫെയ്‌സ് ബുക്ക് വഴി ലഭിക്കുമെന്ന പേരില്‍ വന്‍ തട്ടിപ്പ്.
തട്ടിപ്പ് നടത്തുന്നയാള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കും. ഗൂഗിള്‍പേ നമ്പരായി 7872460233 എന്ന നമ്പരുമായി ബന്ധപ്പെട്ടാണ് പണമിടപാടുകള്‍ നടത്തുന്നത്.
ഒരു ലക്ഷം രൂപവരെ വായ്പയെടുക്കുന്നയാള്‍ ഇ.എം.ഐ. രണ്ടു ശതമാനം സഹിതം 36 തവണ അടയ്ക്കണം. ഒരുതവണ 2997 രൂപയാണ് അടയ്ക്കേണ്ടത്. ഇതിനായി ആധാര്‍, പാന്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി ഇ-മെയില്‍ ഐഡി, ലോണ്‍തുക എന്നിവ രേഖപ്പെടുത്താന്‍ പറയും. യാതൊരുവിധ സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ലെന്നാണ് ആദ്യം പറയുന്നത്. ഇത്രയും രേഖകള്‍ എത്തികഴിഞ്ഞാല്‍ 30 മിനിറ്റിനുള്ളില്‍ ലോണ്‍ പാസാകുമെന്ന് ധരിപ്പിക്കും.
തുടര്‍ന്ന് ഇന്‍ഷുറൻസ് ചാര്‍ജായ 499 രൂപ അയയ്ക്കാന്‍ ആവശ്യപ്പെടും. പിന്നീട് ജി.എസ്.ടി ചാര്‍ജായ 1650 രൂപ അടച്ചതിനുശേഷം സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെടും. ഇത് കഴിയുമ്പോള്‍ ടി.ഡി.എസ്. ചാര്‍ജായ 3250 രൂപ വീണ്ടും അടയ്ക്കാന്‍ പറയുന്നു. വേറെ ചാര്‍ജൊന്നും ഇല്ലെന്നു പറയും. അഞ്ച് മിനിറ്റിനുള്ളില്‍ ലോണ്‍ തുക അക്കൗണ്ടിലേക്കു കയറുമെന്നും എന്നാല്‍ ലോണ്‍ ക്രെഡിറ്റ് ആയതിന് 5500 രൂപ വീണ്ടും അടയ്ക്കാന്‍ പറയും.
ഇത്രയും തുക അടച്ചുകഴിയുമ്പോള്‍ ആര്‍.ബി.ഐ. ഹോള്‍ഡ് ചാര്‍ജായ 9500 രൂപ വീണ്ടും അടയ്ക്കാന്‍ അറിയിക്കും. ഇനി പൈസ അടയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അടച്ച തുക തിരിച്ചുതരാന്‍ കഴിയില്ലെന്നും തൊണ്ണുറ്റി ഒന്‍പത് ശതമാനം പ്രോസസിംഗ് കഴിഞ്ഞെന്നും ഈതുക കൂടിയിട്ടാല്‍ 105500 രൂപ നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഇല്ലാത്തപക്ഷം അടച്ച തുക ലഭിക്കുകയില്ലെന്നും പറയും.
തുടര്‍ന്ന് ഇവര്‍ ഫോണ്‍ 30 മിനിറ്റ് കഴിഞ്ഞെന്ന് പറഞ്ഞ് ഓഫ് ചെയ്യും. ഈ രീതിയില്‍ പതിനായിരം രൂപ മുതല്‍ പലര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ മറ്റുള്ളവരോട് പറയാത്തതുമൂലം വീണ്ടും നിരവധിയാളുകളും തട്ടിപ്പിനിരയാകുകയാണ്.