കെ.എസ്.ഇ.ബി. ജീവനക്കാരെ മർദ്ദിച്ച പ്രതി അറസ്‌റ്റ് ഒഴിവാക്കാന്‍ ഐ.സി.യുവിൽ ചികിത്സയിൽ; പ്രതിയെ ആശുപത്രിയിലെത്തി  മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു

author-image
neenu thodupuzha
New Update

അടൂര്‍: കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ(48) പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

അറസ്റ്റില്‍ നിന്ന് രക്ഷനേടാന്‍ സ്വകാര്യ ആശുപത്രി മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിൽ  കഴിഞ്ഞിരുന്ന പ്രതിയെ മജിസ്‌ട്രേറ്റ് അവിടെയെത്തി റിമാന്‍ഡ് ചെയ്തു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

publive-image

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ പറക്കോട് എന്‍.എസ്.യു.പി. സ്‌കൂളിന് സമീപം ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഏഴംകുളം കെ.എസ്.ഇ്.ബി. സബ് എന്‍ജിനീയര്‍ ബിയാന്തോസ് നാഥ മേനോന്‍, ലെന്‍മാന്‍ രാമചന്ദ്രന്‍ എന്നിവരെയാണ് മര്‍ദിച്ചത്.

അജിയുടെ നെറ്റ് വര്‍ക്കിലെ കേബിളുകള്‍ പോസ്റ്റില്‍ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലം വാക്കുതര്‍ക്കവും അസഭ്യം പറയുകയും  മര്‍ദിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം കേസെടുക്കാതെ ഇരിക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ വിവരം അറിഞ്ഞ ഡി.വൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. ജയിലില്‍ പോകുമെന്ന് മനസിലാക്കിയ പ്രതി അജി ഫിലിപ്പ് ചായാലോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കെ.എസ്.ഇ.ബി. ജീവനക്കാര്‍ തന്നെ മര്‍ദിക്കുകയായിരുന്ന് ഇയാൾ  പരാതി പറയുകയും ചെയ്തു.

അജിക്ക് മെഡിക്കല്‍ കോളജില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വീണ്ടും അറസ്റ്റ് വൈകിപ്പിക്കാനും മുന്‍കൂര്‍ ജാമ്യം സംഘടിപ്പിക്കാനും വേണ്ടി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി.

എന്നാല്‍, ഡി.വൈ.എസ്.പി ഉറച്ച നിലപാട് എടുത്തതോടെ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ ചെന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയും മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് പോലീസിന്റെ അപേക്ഷ പ്രകാരം മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി അജി ഫിലിപ്പിനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിസ്ചാര്‍ജ് വാങ്ങി പ്രതിയെ ജയിലിലേക്കോ തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ പ്രതികള്‍ക്കായുള്ള സെല്ലിലേക്കോ മാറ്റാനായിരുന്നു പോലീസ് തീരുമാനം. ഇന്നലെ ഉച്ചയോടു കൂടി പ്രതിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

മുന്‍പ് ബി.എസ്.എന്‍.എല്‍. കേബിള്‍ മോഷ്ടിക്കുകയും സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ച് കടത്തുകയും ചെയ്തതിന് അജി ഫിലിപ്പിനെതിരേ കേസ് എടുത്തിരുന്നു. അന്ന് പോലീസും രാഷ്ട്രീയകക്ഷി നേതൃത്വവും ചേര്‍ന്ന് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്‌റ്റൊഴിവാക്കി. പ്രതി ഒളിവില്‍ പോയെന്ന് പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. പിന്നീട് െഹെക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചതു  പോലുമില്ല.

അഭയം തേടി സി.പി.എം. നേതാവിന്റെ വീടിന് മുന്നില്‍ ചെന്ന അജിയെ അവിടെ നിന്ന് ഓടിച്ചു കൊണ്ടു വന്ന് അടൂരിലെ ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.  നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിക്കെതിരെ ഉടനടി റൗഡി ഹിസ്റ്ററി ഷീറ്റ് ഓപ്പണ്‍ ചെയ്യുമെന്നും  107 വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി ആര്‍. ജയരാജ് അറിയിച്ചു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടന്‍തന്നെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡി.വൈ..എസ്.പി അറിയിച്ചു.

Advertisment