കുട്ടനാട്: വൃദ്ധയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍. കുട്ടിച്ചിറ വീട്ടില്‍ മേഴ്‌സി ആന്റണി(58)യെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി( 67)യെ വെള്ളിയാഴ്ച വൈകിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങൾ കവരുകയായിരുന്നു.
കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇവര്‍ എഴുതി കൊടുത്തതനുസരിച്ചും വിരലടയാള വിദഗ്ധർ നല്‍കിയ തെളിവുകള്‍ അനുസരിച്ചുമാണ് മേഴ്‌സിയെ പിടികൂടിയത്. തലയ്ക്കും താടി, ചെവി, കാല് എന്നിവിടങ്ങില്‍ മുറിവേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാല, മൂന്ന് വള, കമ്മല്‍ എന്നീ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സംഭവം നടക്കുമ്പോള്‍ അമ്മിണി തനിച്ചായിരുന്നു വീട്ടില്‍. മകന്‍ ജോലിക്കായി പുറത്തു പോയിരിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് അല്‍പ്പം ദൂരെയാണ് മകളും ഭര്‍ത്താവും താമസിക്കുന്നത്.
സംഭവ സമയത്ത് ഇവര്‍ ചങ്ങനാശേരിയിലായിരുന്നു. വൈകിട്ട് ആറോടെ ഇവര്‍ മടങ്ങി വന്നപ്പോള്‍ അയല്‍ക്കാരാണ് അമ്മിണി രക്തം വാര്‍ന്ന് കട്ടിലില്‍ ബോധരഹിതയായി കിടക്കുന്ന വിവരം അറിയിച്ചത്. മകളും ഭര്‍ത്താവും ചേര്‍ന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.