മറയൂര്‍: പാലപ്പെട്ടി ആദിവാസിക്കുടിയില്‍ വരയാട് ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ക്ക് ഗുരുതരപരുക്ക്. കാന്തല്ലൂര്‍ പാലപ്പെട്ടി ആദിവാസി കുടിയിലെ രാജേശ്വരി (22), മാറിയമ്മ (80), രത്‌ന (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്നുപേരെയും അഞ്ചു കിലോ മീറ്റര്‍ വനത്തിലൂടെ ചുമന്നെത്തിച്ച് പിന്നീട് വാഹനത്തിലൂടെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പകൽ രണ്ടരയ്ക്കാണ് സംഭവം. പാലപ്പെട്ടിയിലെ ആടുകള്‍ക്ക് ഒപ്പം മേഞ്ഞുനടക്കുന്ന വരയാടാണ് ആദ്യം രാജേശ്വരിയെ കുത്തിയത്. ഈ സമയത്ത് വനത്തിനുള്ളില്‍ കിഴങ്ങ് പറിക്കാനെത്തിയ ലീലയാണ് പരുക്കേറ്റനിലയില്‍ രാജേശ്വരിയെ കണ്ടത്.
പിന്നീട് വനത്തില്‍ ഒരുകിലോമീറ്റര്‍ അകലെയുള്ള കുടിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ ആടുമേച്ചുകൊണ്ടിരുന്ന മാരിയമ്മയെയും രത്‌നയെയും വരയാട് ആക്രമിച്ചു.
രാജേശ്വരിയെ കൂടുതല്‍ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. രത്‌നയും മാരിയമ്മയും മറയൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.