ആലപ്പുഴ: ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴയിലും തസ്കര ശല്യം രൂക്ഷം. ആലപ്പുഴയിലെ മോഷണത്തിന് പിന്നാലെ അമ്പലപ്പുഴയില്‍ ഇന്നലെ കടകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു.
അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷന് കിഴക്കുഭാഗത്തുള്ള ആരതി സ്‌റ്റോഴ്‌സ്, ആനന്ദ് ജൂവലറി, മൊബൈല്‍ ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ മോഷണശ്രമം നടന്നത്. രാജശേഖരന്‍ നായരുടെ ഉടമസ്ഥതയിലുള്ള ആരതി സ്‌റ്റോഴ്‌സിന്റെ ഓട് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാക്കള്‍ കടയില്‍ സൂക്ഷിച്ചിരുന്ന 1,000 രൂപയും വെളിച്ചെണ്ണ, സോപ്പ് എന്നിവയും അപഹരിച്ചു. ഇതിന് സമീപത്തെ ആനന്ദ് ജൂവലറിയിലും മോഷ്ടാക്കള്‍ കടന്നു. ഒന്നും നഷ്ടപ്പെട്ടില്ല എന്നതാണ് പ്രാഥമിക നിഗമനം.
തുടര്‍ന്ന് ഇതിന് കിഴക്കുഭാഗത്തുള്ള മൊബൈല്‍ ഹൈമ എന്ന സ്ഥാപനത്തില്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും കടയുടെ പിന്‍ഭാഗത്ത് ഇരുമ്പിന്റെ ഗ്രില്‍ ഉള്ളതിനാല്‍ നടന്നില്ലെന്ന് കടയുടമ പറഞ്ഞു. വൈകിട്ട് ആരതി സ്‌റ്റോഴ്‌സ് തുറക്കാനെത്തിയ രാജശേഖരന്‍ നായരാണ് കടയുടെ ഓട് ഇളക്കി ഇട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് കട തുറന്നപ്പോഴാണ് മോഷണം നടന്നതായറിഞ്ഞത്.
പോലീസെത്തി ഇവിടെ പരിശോധന നടത്തുന്നതിനിടയിലാണ് ആനന്ദ് ജൂവലറി ഉടമയേയും വിളിച്ചു വരുത്തി കട തുറക്കാന്‍ ആവശ്യപ്പെട്ടത്. കട തുറന്നപ്പോൾ ഇവിടെയും മോഷണ ശ്രമം കണ്ടെത്തുകയായിരുന്നു.
നാളുകള്‍ക്ക് മുമ്പ് ആലപ്പുഴ മാര്‍ക്കറ്റില്‍ എട്ടോളം കടകളില്‍ മോഷണവും മോഷണശ്രമവും നടന്നിരുന്നു. തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ ആലപ്പുഴ വൈ.എം.സി.എ. റോഡില്‍ പിച്ചു അയ്യര്‍ ജംഗ്ഷന് വടക്ക് വശമുള്ള ആറ് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണശ്രമവും നടന്നു.