ആലപ്പുഴ: കുടുംബക്കോടതി പരിസരത്തുവച്ച് അഭിഭാഷകനെ യുവതിയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ ബാറിലെ അഭിഭാഷകനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കോടതി പരിസരത്തുവച്ചാണ് എതിര്‍ഭാഗം യുവതിയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഏറെനാളായി വേര്‍പിരിഞ്ഞു താമസിക്കുന്ന ചേര്‍ത്തല സ്വദേശികളായ ദമ്പതികളുടെ കുട്ടികളെ പിതാവിന് സ്‌കൂൾ അവധിക്കാലത്ത് വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യുവതി തയാറാകാത്തതിനാല്‍ പിന്നീട് പിതാവ് ഇളയകുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു.
ഭര്‍ത്താവിന്റെ പക്കലുള്ള കുട്ടിയെ തിരികെവാങ്ങാനായിട്ടാണ് യുവതിയും പിതാവും ശനിയാഴ്ച കോടതിയില്‍ എത്തിയത്. എന്നാല്‍, വാദത്തിന് ശേഷം കുട്ടിയെ തിരികെ കിട്ടില്ലായെന്ന് മനസിലാക്കിയ യുവതിയും പിതാവും ചേര്‍ന്ന് എതിര്‍ഭാഗം അഭിഭാഷകനെ കോടതിപരിസരത്തുവച്ച് ആക്രമിക്കുകയായിരുന്നു.
അഭിഭാഷകനെ മര്‍ദ്ദിക്കാൻ ഇവരെക്കൂടാതെ പുറത്തുനിന്നും ആളുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അതേസമയം യുവതിയും പിതാവും അഭിഭാഷകനെതിരെയും പരാതി നല്‍കി.