കുട്ടിക്കാനത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ മുറിയെടുത്ത് ചീട്ടുകളി; പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘം അറസ്റ്റിൽ,  49,000 രൂപയും  13 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് സ്പോർട്സ് ക്ലബ്ബ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ  പേരിൽ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളി. പീരുമേട് പോലീസ് നടത്തിയ റെയ്ഡിൽ പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘമാണ് പിടിയിലായത്.  ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Advertisment

ചീട്ടുകളിക്ക് വച്ചിരുന്ന 49,000 രൂപയും 13 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ക്ലബ്ബിലെ സി.സി.ടിവിയുടെ ഹാർഡ് ഡിസ്ക്കും ചീട്ടുകളിയുടെ കണക്ക് രേഖപ്പെടുത്തിയ ബുക്കും പിടിച്ചെടുത്തു.

publive-image

കുട്ടിക്കാനം ടൗണിൽ മുറി വാടകയ്ക്കെടുത്ത് ജനറസ് ഹാർട്സ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചായിരുന്നു പ്രവർത്തനം. ഒരു വർഷമായി വൻ ചീട്ടുകളി സംഘം ഇവിടെ  പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

അന്വേഷണം നടത്തിയ ശേഷം ക്ലബ് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി. കത്ത് ലഭിച്ച ഉടൻ ട്രസ്റ്റ് പണം വച്ചുള്ള ചീട്ടുകളി പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് അധികൃതർ മറുപടിയും നൽകിയിരുന്നു.  ക്ലബിന്റെ  പ്രവർത്തനം  രഹസ്യമായി നീരീക്ഷിച്ച പോലീസ് പണം വച്ച് ചീട്ടുകളി നടക്കുന്നത് ഉറപ്പാക്കിയ ശേഷം റെയ്ഡ് നടത്തുകയായിരുന്നു.

തൊടുപുഴ സ്വദേശിയായ പ്രസാദ് ജോയ് എന്നയാളാണ് ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നത്. ഇയാളുടെ ഗൂഗിൾ പേ നമ്പരിലേക്കാണ് ചീട്ടുകളിക്കുള്ള പണം അയച്ചിരുന്നത്. ഞായറാഴ്ച  അമ്പതിനായിരം രൂപയോളം ഇയാളുടെ  അക്കൗണ്ടിലേക്ക് അയച്ചതായും പോലീസ്  കണ്ടെത്തി.

Advertisment