കോട്ടയം: ജില്ലയിൽ എക്സൈസിന്റെ എറ്റവും വലിയ ലഹരിവേട്ട. പാലായിൽ ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി.
എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ. അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെ കോട്ടയം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 77 ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. രഹസ്യ വിവരത്തെത്തുടർന്ന് ഒരാഴ്ചയായുള്ള നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ യുവതീ-യുവാക്കൾക്കും വിദ്യാർത്ഥികള്‍ക്കും വിൽക്കാനായി ബംഗളുരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ ലഹരി കടത്തുമ്പോഴാണ് പിടിയിലായത്.
ലഹരി വിറ്റ് കിട്ടിയിരുന്ന പണം പ്രതികൾ ആഢംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു തവണയാണ് പ്രതികൾ ലഹരി കടത്തിയിരുന്നത്.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ബിനോദ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സുരേഷ്, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, കെ.എസ്. നിമേഷ്, ശ്യാം ശശിധരൻ, കെ.വി. പ്രശോഭ്,എക്സൈസ് ഡ്രൈവർ കെ.കെ. അനിൽ എന്നിവർ പങ്കെടുത്തു.