ഇടുക്കി:ഇടുക്കിയില്‍ ഒരാഴ്ചയായി എല്ലാ ദിവസവും മഴ പെയ്യുന്നുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നില്ല. ഇന്നലത്തെ ജലനിരപ്പ് 2332.14 അടിയാണ്.
കഴിഞ്ഞവര്‍ഷം ഇതേദിവസം 2346.46 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിലും 14 അടിവെള്ളം നിലവില്‍ കുറവാണ്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പരമാവധി വൈദ്യുതി ഉത്‌പാദനം നടത്തുന്നതിനാലാണ് ജലനിരപ്പ് കുറഞ്ഞുപോയത്.
വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപയോഗം കൂടുതലായതോടെയാണ് ഉത്‌പാദനം കൂട്ടിയതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ ജൂണ്‍ ആകുമ്പോഴേക്കും വെള്ളത്തിന്റെ അളവ് വീണ്ടും കുറയുമെന്ന് അധികൃതര്‍ പറയുന്നു.
സ്‌കൂള്‍ അവധിയായതിനെത്തുടര്‍ന്നും ഈസ്റ്റര്‍, വിഷു, ഈദുള്‍ഫിത്തര്‍ എന്നിവ പ്രമാണിച്ചും ഇടുക്കി അണക്കെട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കേറി. സാധാരണ ദിവസങ്ങളില്‍ ആയിരവും, വിശേഷദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും മൂവായിരം വരെയും സന്ദര്‍ശകരെത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.