കട്ടപ്പന: വില്‍പനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യവ്യാപാരി ഉള്‍പ്പടെ രണ്ടു പേർ പിടിയില്‍. പോലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തില്‍ ഷാജഹാന്‍ (41), വെസ്റ്റ് ബംഗാള്‍ സ്വദേശി ലാല്‍റ്റുകായല്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11ന് കട്ടപ്പന ചേന്നാട്ടുമറ്റം ജംങ്ഷനു സമീപത്ത് കട്ടപ്പന എസ്.എച്ച്.ഒ. വിശാല്‍ ജോണ്‍സണും സംഘവും നടത്തിയ പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. കുരിശുപള്ളിയോട് ചേര്‍ന്നുള്ള ഇടവഴിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
ഇവരുടെ കൈയ്യിലിരുന്നു തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കട്ടപ്പനയില്‍ യുവാക്കള്‍ക്കിടയില്‍ ചില്ലറ വില്‍പ്പന നടത്താനാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഷാജഹാന്റെ ഗോഡൗണില്‍ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം മുമ്പ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഇയാള്‍ മുമ്പും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.