രാത്രികളിൽ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിര്‍ന്നവരുടെ  ആക്രോശവും; അന്വേഷിച്ചെത്തിയപ്പോൾ കാണുന്നത് അഞ്ച് വയസുകാരിയുടെ ദേഹത്ത് പത്ത് മുറിവുകളും ചതവുകളും ഏഴ് വയസുകാരിയുടെ ശരീരത്തില്‍ 14 ചതവുകളും മുറിവുകളും; നെടുങ്കണ്ടത്ത് മദ്യ ലഹരിയില്‍ കുരുന്നുകള്‍ക്ക് നേരെ കൊടും ക്രൂരത, അമ്മാവനും പിതാവും കസ്റ്റഡിയില്‍

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: അഞ്ച്, ഏഴ് വയസ് പ്രായമുള്ള കുരുന്നുകള്‍ക്ക് നേരെ ക്രൂര മര്‍ദനം നടത്തിയ അമ്മാവനും പിതാവും പോലീസ് കസ്റ്റഡിയില്‍. അഞ്ച് വയസുകാരിയുടെ ദേഹത്ത് പത്ത് മുറിവുകളും ചതവുകളും ഏഴ് വയസുകാരിയുടെ ശരീരത്തില്‍ 14 ചതവുകളും മുറിവുകളും കണ്ടെത്തി. നെ ടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം.

Advertisment

രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിര്‍ന്നവരുടെ  പൊത്തിത്തെറിയും കേട്ട പ്രദേശവാസികള്‍ ആശാവര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു.

publive-image

ആശാ വര്‍ക്കര്‍ കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയപ്പോഴാണ് അഞ്ച് വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും ഏഴ് വയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ആശാ പ്രവര്‍ത്തക പട്ടം കോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്തിനെ വിവരം അറിയിക്കുകയും അദ്ദേഹവും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ രണ്ട് കുട്ടികള്‍ക്കും ദേഹമാസകലം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു.

കുട്ടികള്‍ പറയുന്നതിങ്ങനെ: ജോലി കഴിഞ്ഞാണ് പിതാവ് രാത്രി വരുന്നത്. ഒപ്പം അമ്മാവനും കാണും. മദ്യലഹരിയില്‍ പിതാവ് ഉറങ്ങും. അമ്മാവന്‍ പഠനത്തില്‍ സഹായിക്കാനായി കുട്ടികളെ സമീപത്തെ മുറിയില്‍ കയറ്റി കതകടക്കും. പഠന വിഷയങ്ങള്‍ ചോദിക്കും. പറഞ്ഞില്ലെങ്കില്‍ കസേരയില്‍ കയറ്റി നിര്‍ത്തി വിവസ്ത്രരാക്കി  കാപ്പി കമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ഇയാള്‍ അട്ടഹസിക്കും.

ചിലപ്പോള്‍ കസേരയുടെ പുറത്ത് കൈ വച്ച് അതിന് മുകളില്‍ അടിക്കും. രാത്രിയില്‍ ഉപ്പ് നിലത്ത് വിതറി അതില്‍ നിര്‍ത്തും അങ്ങനെയാണ് മുട്ടില്‍ മുറിവുണ്ടായത്. ഏഴ് വയസുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. അടിയേറ്റ് നീര് വന്നിരിക്കുന്നതിനാല്‍ ഇരിക്കാനാവാത്ത സ്ഥിതിയാണ്.

മെഡിക്കല്‍ ഓഫീസര്‍ നെടുങ്കണ്ടം പോലീസിനെ വിവരം അറിയിച്ചതോടെ എസ്.ഐ. ടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ പിതാവിനെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാനുള്ള നടപടി രാത്രി തന്നെ പോലീസ് പൂര്‍ത്തിയാക്കി. കുട്ടികളുടെ മാതാവിന് ബുദ്ധിമാന്ദ്യമുണ്ട്. പിതാവ് പെയിന്റിങ് ജോലിക്കു പോകും. ബന്ധുവിന്റെ ഒപ്പം വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തില്‍ ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍.  രജിസ്റ്റര്‍ ചെയ്തു. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

കുട്ടികള്‍ സമീപ കാലം വരെ കഴിഞ്ഞിരുന്നത് പിതാവിന്റെ വീട്ടിലായിരുന്നു. സമീപകാലത്താണ് ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വച്ചാണ് കുട്ടികള്‍ ക്രൂരതക്കിരയായത്. കുട്ടികളെ മര്‍ദിക്കുന്ന കാര്യം പിതാവിനും അറിയാമായിരുന്നെന്നും ഇത് മറച്ചു വച്ചതിനുമാണ് ഇയാളെയും കസ്റ്റഡിയില്‍ എടുത്തത്.

Advertisment