പത്തനംതിട്ട: സംശയകരമായ സാഹചര്യത്തിൽ കടയ്ക്ക് പിന്നില്‍ കാണപ്പെട്ട ബൈക്ക് മോഷ്ടിച്ചു കൊണ്ടു വന്നതാണെന്ന് സംശയിച്ച് കടയുടമ കേബിള്‍ ലോക്കിട്ട് പൂട്ടിവച്ചു.
വാഹനത്തിന്റെ ചിത്രങ്ങളും നമ്പരും സഹിതം വിവരം പോലീസിനും കൈമാറി. നാലു ദിവസത്തിന് ശേഷം കേബിള്‍ ലോക്ക് തകര്‍ത്ത് രണ്ടംഗ സംഘം വാഹനവുമായി കടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കോളജ് റോഡിലെ ഹീറോ ഇലക്ട്രിക് വാഹന ഷോറൂമിന് പിന്നിലാണ് സംശയാസ്പഥമായ സാഹചര്യത്തില്‍ ഹീറോ ഗ്ലാമര്‍ ബൈക്ക് കണ്ടത്.
ഇതില്‍ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നെന്ന് ഷോറൂം ഉടമ എസ്.വി. പ്രസന്നകുമാര്‍ പറഞ്ഞു. കെ.എല്‍.02 എ.വി 5636 എന്നതാണ് വാഹന നമ്പര്‍. അതിന് ശേഷം ബൈക്ക് എടുക്കാന്‍ ആരും വരാതിരുന്നപ്പോഴാണ് പ്രസന്ന കുമാര്‍ കേബിള്‍ ലോക്കിട്ട് വാഹനം പൂട്ടി വച്ചത്.
ഇതിന് ശേഷം വാഹനത്തിന്റെ ചിത്രങ്ങള്‍ എടുത്ത് നമ്പര്‍ സഹിതം വിവരം പോലീസിന് കൈമാറി. വാഹനം മോഷ്ടിച്ചു കൊണ്ടു വന്നതാണെന്നായിരുന്നു പ്രസന്നന്റെ സംശയം. ചൊവ്വാഴ്ച ഉച്ചയ്ക്ക് വാഹനം രണ്ടു പേര്‍ ചേര്‍ന്ന് പൂട്ട് തകര്‍ത്ത് കടത്തിക്കൊണ്ടു പോയി.
ഷോറൂമിലുളളവര്‍ ഉച്ചയ്ക്ക് കഴിക്കാൻ പോയപ്പോഴാണ് വാഹനം കൊണ്ടു പോയത്. വാഹനവുമായി ഇവര്‍ പോകുന്ന സി.സി.ടിവി ദൃശ്യങ്ങളുണ്ട്. രണ്ടു പേര്‍ സ്‌കൂട്ടറില്‍ വന്നാണ് ഇത് എടുത്തിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമാണ് ഹെല്‍മെറ്റുള്ളത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.