ചെറുതോണി: മദ്യലഹരിയില്‍ കൗമാരക്കാര്‍ ഉൾപ്പെടെയുള്ള കായിക താരങ്ങളെ പോലീസ് സംഘം മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
സംഭവത്തില്‍ ഇടുക്കി മഠത്തില്‍ ജസ്റ്റിന്‍ ജോയിക്ക് കഴുത്തിന് പരുക്കേറ്റു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികത്സ തേടിയ യുവാവിന് മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ഇടുക്കി സ്വദേശികളായ നിഖില്‍ ജോയി, പ്രിന്‍സ് രാജു, ജിന്‍സ് സജി, യദു കൃഷ്ണന്‍, ജിതിന്‍ മാത്യു, അംജിത് ഖാന്‍, ആദര്‍ശ്, അബിഷേക്, അശ്വിന്‍, വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കായിക താരങ്ങളുടെ പുറത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും ലാത്തിയടിയേറ്റ പാടുകളുണ്ട്.
ഞായറാഴ്ച്ച രാത്രി കട്ടപ്പനയില്‍ നടന്ന മത്സരത്തിനു ശേഷം മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ മദ്യലഹരിയില്‍ പോലീസ് അതിക്രമം നടത്തിയെന്ന് കായികതാരങ്ങള്‍ പറഞ്ഞു. കൗമാരക്കാര്‍ ഉള്‍പ്പെടെ ഒന്‍പതോളം പേര്‍ക്ക് ലാത്തി ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ പരുക്കേറ്റു.
ഇടുക്കി ന്യൂ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ക്കാണ് പരുക്കേറ്റത്. എതിര്‍ ടീമുമായി ഇവര്‍ മത്സരത്തിനിടെ വാക്കു തർക്കമുണ്ടായി. ഈ സമയം കളി കാണാന്‍ അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥനും പിന്നീട് രണ്ട് ജീപ്പുകളിലായി എത്തിയ പോലീസുകാരും ഇവരെ ആക്രമിക്കുകയായിരുന്നു. ഫോണ്‍ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നാണ് പരാതി.