തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ കൊലപ്പെടുത്തി; എതിരാളികള്‍ സെല്ലിലെത്തിയത് ഇരുമ്പുഗ്രില്ലുകള്‍ തകര്‍ത്ത് 

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിനുള്ളില്‍ എതിരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. സുനില്‍ മാന്‍ എന്നറിയപ്പെടുന്ന തില്ലു താജ്പുരിയയാണു കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹത്തില്‍ 92 മുറിവുകളുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisment

publive-image

അതീവ സുരക്ഷയുള്ള ജയിലില്‍ തില്ലുവിന്റെ എതിരാളിയായ യോഗേഷ് തുണ്ട എന്ന ഗുണ്ടാനേതാവും സഹായികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

തില്ലു താജ്പുരിയയ്ക്കുമേല്‍ അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധം പ്രയോഗിച്ചതായി ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഉടന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു തടവുകാരനായ രോഹിതിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ അപകടനില തരണം ചെയ്തെന്നാണു വിവരം.

ജയിലിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് തില്ലുവിനെയും സംഘാംഗങ്ങളെയും പാര്‍പ്പിച്ചിരുന്നത്. യോഗേഷ് തുണ്ടയും കൂട്ടാളികളും ഒന്നാം നിലയിലായിരുന്നു. ഇരുമ്പുഗ്രില്ലുകള്‍ തകര്‍ത്ത് താഴയെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.

ഗ്രില്ല് തകര്‍ക്കാനുപയോഗിച്ച അതേ ആയുധംകൊണ്ട് ഇവര്‍ തില്ലുവിനെ ആക്രമിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപക് തീതര്‍, റിയാജ് ഖാന്‍, രാജേഷ് എന്നിവരാണ് യോഗേഷിനൊപ്പം അക്രമിസംഘത്തിലുണ്ടായിരുന്നത്. 2021 ല്‍ നടന്ന രോഹിണി കോടതി വെടിവയ്പ്പിലെ പ്രധാന സൂത്രധാരനായിരുന്നു തില്ലു താജ്പുരി.

വക്കീലായി വേഷം ധരിച്ച തില്ലു സംഘത്തിലെ രണ്ടംഗങ്ങള്‍ കോടതിക്കുള്ളില്‍വച്ചു ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയെ അന്നു വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു കൊലയാളികളും കൊല്ലപ്പെട്ടു. ഗോഗിയുടെയും തില്ലുവിന്റെയും സംഘങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്ന കുടിപ്പകയുടെ ഫലമായിരുന്നു ആ വെടിവയ്പ്.

തില്ലു താജ്പുരിയയുടെ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Advertisment