ബംഗളുരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ്. ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.
സംവരണപരിധി അന്‍പതില്‍നിന്ന് എഴുപത് ശതമാനമാക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സാമൂഹിക-സാമ്പത്തിക സെന്‍സസ് പുറത്തുവിടും തുടങ്ങിയവയാണു പ്രധാന വാഗ്ദാനങ്ങള്‍.
/sathyam/media/post_attachments/fWbmcxReIcbK2IpYV4kN.jpg)
ജാതിയുടെയും മതത്തിന്റെയും പേരില്‍ സാമുദായികവിദ്വേഷം പരത്തുന്നത് തടയുന്നതിന് കര്‍ശന നടപടിയെടുക്കും. ബജ്‌റങ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കും. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍നിന്ന് 17 ശതമാനമാക്കും. പട്ടികവര്‍ഗത്തിനുള്ള സംവരണം മൂന്നില്‍നിന്ന് ഏഴ് ശതമാനമായും ന്യൂനപക്ഷ സംവരണം നാല് ശതമാനമായും വര്‍ധിപ്പിക്കും.
ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളുടെ സംവരണവും വര്‍ധിപ്പിക്കും. അഴിമതി നടത്തുന്നവരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തും. ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. പ്രതിമാസം ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴില്‍ കുടുംബനാഥയ്ക്ക് 2000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 3000 രൂപ, ഡിപ്ലോമധാരികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 1500 രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തു.
കര്‍ണാടക സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തു. കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.