വെസ്റ്റ്ബാങ്ക്: 86 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ഇസ്രയേല്‍ ജയിലില്‍ പലസ്തീന്‍ തടവുകാരന്‍ മരിച്ചു. ഇസ്ലാമിക് ജിഹാദിലെ മുതിര്‍ന്ന നേതാവായ ഖാദര്‍ അദ്നാ(45)ണ് മരിച്ചത്.
ചൊവ്വാഴ്ച സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെടുന്നതിനു മുമ്പ് അദ്ദേഹം വൈദ്യചികിത്സ നിരസിച്ചതായി ഇസ്രയേല്‍ ജയില്‍ വകുപ്പ് അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു മണിക്കൂറുകള്‍ക്കു ശേഷം പലസ്തീന്‍ പോരാളികള്‍ ഗാസ മുനമ്പില്‍ നിന്നു ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ വിക്ഷേപിച്ചു.
പക്ഷേ, ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. ഇസ്രയേല്‍ അദ്നാനെ ''മനഃപൂര്‍വം കൊലപ്പെടുത്തിയെന്ന്'' പലസ്തീന്‍ പ്രധാനമന്ത്രി ആരോപിച്ചു. അദ്നാെന്റെ മരണത്തിനു വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേലിനു ഇസ്ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കി. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തു നിന്നുള്ള അദ്നാന്‍ 12 തവണയായി എട്ട് വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് നാലുതവണ അദ്ദേഹം നിരാഹാര സമരം നടത്തിയിരുന്നു. ഫെബ്രുവരി അഞ്ചിന് ജെനിന്‍ നഗരത്തിനടുത്തുള്ള അറാബയിലെ അദ്ദേഹത്തെ പിടികൂടി ജയിലില്‍ അടച്ചതോടെയാണു നിരാഹാര സമര തുടങ്ങിയത്. ഇസ്രയേലി ജയിലുകളില്‍ കഴിയുമ്പോള്‍ പലസ്തീന്‍ തടവുകാര്‍ ഭക്ഷണം നിരസിക്കുന്നത് സാധാരണമാണ്. അദ്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.