മുണ്ടക്കയം: വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
പനക്കച്ചിറ മടുക്കാ ഭാഗത്തു പുതുപ്പറമ്പില്‍ വീട്ടില്‍ പി.കെ. ഷംസ് (36), മടുക്ക കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.പി ബിജു (43) എന്നിവരെയാണു മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ ഇരുവരും ചേര്‍ന്നു കഴിഞ്ഞമാസം 28 നു രാത്രിയോടെ മടുക്ക ഭാഗത്തു താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാളെയും ഇയാളുടെ മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
വീട്ടുമുറ്റത്തെ ചെടിച്ചട്ടി ഇവര്‍ ചവിട്ടി നശിപ്പിച്ചതിനെ ഗൃഹനാഥന്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ ഇരുവരും ചേര്‍ന്നു രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.