എടത്വാ: ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിര്‍ത്തിയിട്ട കാറില്‍ അമിത വേഗതയില്‍ എത്തിയ പച്ചക്കറി ലോറി ഇടിച്ചു കയറി. കാര്‍ ഡ്രൈവറും ഹൈവേ പോലീസ് ഉദ്യോഗസ്ഥനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ പുലര്‍ച്ചെ നീരേറ്റുപുറം ജങ്ഷനിലായിരുന്നു സംഭവം. പന്തളം കുളനട കൈപ്പുഴ ഗീതസദനത്തില്‍ രത്നാകരന്‍ ഓടിച്ചിരുന്ന മഹേന്ദ്ര സിയലോ കാറാണ് അപകടത്തില്‍പെട്ടത്. വിദേശ മലയാളിയെ കൊണ്ടുവരാന്‍ നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് പോകവേ നീരേറ്റുപുറം ജങ്ഷനില്‍ വച്ച് രത്നാകരന്റെ കാര്‍ ഹൈവേ പോലീസ് പരിശോധനയ്ക്കായി പിടിച്ചിടുകയായിരുന്നു.
ഈ സമയം തിരുവല്ല ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി കാറിന്റെ പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പാതയോരത്തെ കടയുടെ ഗ്രില്ലില്‍ ഇടിച്ചുനിന്നു. ഡൈവിംഗ് സീറ്റിലിരുന്ന രത്നകരന്‍ തെറിച്ചുവീണ് മുന്‍ ഗ്ലാസ് തകർന്നു. കാറിന് സമീപം നിന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിമാറി. സാരമായി പരുക്കേറ്റ രത്നാകരന്‍ ആശുപത്രിയില്‍ ചികിത്സ തേടി.