നാദാപുരം: കുമ്മങ്കോട് അഹമ്മദ്മുക്കില്‍ ആറു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം.
താലൂക്ക് ആശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ മാള്‍ഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖാണ് (19) അറസ്റ്റിലായത്.
കുമ്മങ്കോട് അഹ്മദ്മുക്കിലെ വീടിനു സമീപത്തെ കനാല്‍ പറമ്പിൽ എട്ടു വയസ്സുള്ള ജ്യേഷ്ഠ സഹോദരനോടൊപ്പം കളിക്കുകയായിരുന്ന ആറുവയസ്സുകാരനെ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബലമായി കുട്ടിയെ വായ് പൊത്തിപ്പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കവെ മൂത്തകുട്ടി ബഹളം വച്ചതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നാദാപുരം സ്റ്റേഷനു സമീപത്തുവെച്ച് മറ്റൊരു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതും ഇയാള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു സംഭവങ്ങളിലും വ്യത്യസ്തമായ മൊഴികളാണ് പ്രതി പൊലീസിന് നല്‍കിയത്. ഒന്നിച്ച് താമസിക്കുന്ന പ്രതിയുടെ സഹോദരനുള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. എട്ടു മാസമായി ഇയാള്‍ നാദാപുരത്ത് കൂലിപ്പണി ചെയ്യുകയാണ്.