അടൂര്‍: വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ പറ്റ്‌ന ഫുല്‍വാരിയില്‍ നിന്നും ഇപ്പോള്‍ തമിഴ്‌നാട് കന്യാകുമാരി തക്കല മൂളച്ചലില്‍ താമസിക്കുന്ന റൈനാള്‍ഡ് ടി. ജേക്കബിനെ(23)യാണ് തക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പറക്കോട് സ്വദേശിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ് തത്.
മാവേലിക്കര സ്വദേശിയായ സ്റ്റീഫന്‍ എന്നയാള്‍ എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചു. തുടര്‍ന്ന് കന്യാകുമാരി സ്വദേശികളായ മറ്റു നാലുപേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
പോലീസ് കേസ് എടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പവും അല്ലാതെയും വാടകവീടുകളിലും മറ്റും മാറിമാറി താമസിക്കുകയാണെന്ന് പോലീസിനു വിവരം ലഭിച്ചു.
സമാന കേസുകളില്‍ ഇവര്‍ക്കെതിരെ പന്തളം, പാലാ, തൃശൂര്‍ വെസ്റ്റ്, മഹാരാഷ്ട്ര, നാഗ്പൂര്‍ എന്നിവിടങ്ങളിലും കേസുകള്‍ ഉള്ളതായും തട്ടിപ്പിനു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ എം. മനീഷ്, അനില്‍ കുമാര്‍, സി.പി.ഓമാരായ അന്‍സാജു, സുഡാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.