തൊടുപുഴ: വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോഴുണ്ടായ അഗ്നിബാധയില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്ന് വേഗത്തില്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
തൊടുപുഴ തെക്കുംഭാഗം നക്കോലപ്പാട്ട് ബേബിയുടെ വീടാണ് കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. ഓടും ഷീറ്റും മേഞ്ഞ വീട്ടില്‍ അപകടസമയം ബേബിയും ഭാര്യയും മൂന്ന് കൊച്ചുമക്കളുമാണുണ്ടായിരുന്നത്.
വീടിന്റെ നടുവിലെ മുറിയില്‍ നിന്ന് വലിയ വെളിച്ചം കണ്ട് നോക്കിയപ്പോഴാണ് വീടിന് തീ പിടിച്ചതാണെന്ന് വീട്ടുകാർക്ക് മനസിലായത്. ഉടന്‍ ബേബി ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു.
ബാങ്കില്‍ അടയ്ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കത്തിനശിച്ചു. വസ്ത്രങ്ങളും മറ്റ് വിലപ്പെട്ട രേഖകളും ഉള്‍പ്പെടെ എല്ലാം ചാമ്പലായി. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. അഗ്നിബാധയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ബേബിയുടെയും മറ്റും കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിവരമറിഞ്ഞ് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേനയും മുട്ടം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. വീട് പൂര്‍ണമായും നഷ്ടപ്പെട്ട ഇവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താമസസൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തൊടുപുഴ തഹസില്‍ദാര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടവെട്ടി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.