കൊലപാതക ശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കല്‍, മർദ്ദനം; നിരവധി ക്രിമിനല്‍ കേസിലെ പ്രതികളായ  സഹോദരങ്ങള്‍ രണ്ടാം തവണയും കാപ്പാ ചുമത്തി അറസ്റ്റില്‍

author-image
neenu thodupuzha
New Update

പത്തനംതിട്ട: അടൂര്‍, ഏനാത്ത് പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കാപ്പാ ചുമത്തി അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ വീട്ടില്‍ ബാഹുലേയന്റെ മക്കളായ സൂര്യലാല്‍ (23), ചന്ദ്രലാല്‍ (20) എന്നിവരെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

publive-image

ഇരുവരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരമാണു നടപടി.

അടൂര്‍, ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇരുവരും. സൂര്യലാലിനെതിരേ കഴിഞ്ഞ മേയില്‍ കാപ്പാ നടപടി സ്വീകരിച്ച് ജയിലില്‍ അടച്ചതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് രണ്ടാമതും കാപ്പാ നടപടികള്‍ക്ക് വിധേയനാകുന്നത്.

ഈവര്‍ഷം ഫെബ്രുവരിയില്‍ ഇവരോടുള്ള വിരോധം നിമിത്തം ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി അമ്മ സുജാതയെ ക്രൂരമായി മര്‍ദിക്കുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര പരുക്കേറ്റ സുജാത പിന്നീട് മരിച്ചു. ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരും അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയപ്പോഴാണ് പിടിയിലായത്.

കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര സബ് ജയിലില്‍ തടവില്‍ കഴിഞ്ഞുവന്ന സഹോദരങ്ങളെ അടൂര്‍ ഡി.വൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശാനുസരണം, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സി.പി.ഓമാരായ സൂരജ് ആര്‍. കുറുപ്പ്, രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവരെ തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കാപ്പാ സെല്ലിലേക്ക് മാറ്റും.

Advertisment