മലയാള സിനിമയിലേക്ക് നിരവധി നായികമാരെ പരിചയപ്പെടുത്തിയ സംവിധായകനാണ് ലാല്‍ ജോസ്. അവരില്‍ ശ്രദ്ധേയരായ രണ്ടു േപരാണ് രാധികയും അര്‍ച്ചന കവിയും. എന്നാല്‍, പിന്നീട് സിനിമയില്‍ ഈ രണ്ടുപേരുടെയും അത്രകണ്ട് സാന്നിധ്യമുണ്ടായില്ല.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആയിഷ എന്ന ചിത്രത്തിലൂടെ രാധിക വീണ്ടും വെള്ളിത്തിരയില്‍ എത്തിയിരുന്നു. നീലത്താമരയ്ക്ക് ശേഷം വളരെ കുറച്ചു സിനിമകളിലാണ് അര്‍ച്ചന അഭിനയിച്ചത്. ഈ രണ്ടു നായികമാരെക്കുറിച്ചും മനോരമ ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറയുന്നതിങ്ങനെ...
ക്ലാസ്‌മേറ്റ്‌സില്‍ രാധികയും കാവ്യയുമായിരുന്നു നായികമാര്‍. രാധികയെ എനിക്കു നേരത്തേ പരിചയമുണ്ടായിരുന്നു. രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം ഒരു ഓണക്കാലത്ത് ഞാന്‍ ഏഷ്യാനെറ്റിന് വേണ്ടി ഞാന്‍ അഞ്ചു പാട്ടുകള്‍ സംവിധാനം ചെയ്തിരുന്നു.
'ചിങ്ങപ്പെണ്ണിന് കണ്ണെഴുതാന്‍' എന്നായിരുന്നു ആ ആല്‍ബത്തിന്റെ പേര്. ആ പാട്ടില്‍ തിരുവാതിര കളിക്കാന്‍ വന്ന പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു രാധിക. അന്ന് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു എന്നോട് പറഞ്ഞിരുന്നു. വണ്‍മാന്‍ ഷോ എന്ന സിനിമയില്‍ സംയുക്തയുടെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് എനിക്കു മെസേജുകള്‍ അയയ്ക്കുമായിരുന്നു. അങ്ങനെ ക്ലാസ്‌മേറ്റ്‌സില്‍ റസിയയുടെ കഥാപാത്രം വന്നപ്പോള്‍ ആദ്യം മനസില്‍ കണ്ടത് രാധികയെയായിരുന്നു. അവള്‍ക്കു വലിയ കണ്ണുകളാണ്. പര്‍ദ്ദയിട്ടു കഴിഞ്ഞാലും മുഖം ശ്രദ്ധിക്കണമെന്നുണ്ടായിരുന്നു.
അതിനു മുമ്പ് രാധികയെ വച്ച് ഞാനൊരു ടെസ്റ്റ് നടത്തിയിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ റസിയ മനസ്സിലുള്ളപ്പോഴാണ് ഞാന്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അതില്‍ പൃഥ്വിരാജ് കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഓര്‍ക്കുന്ന ഒരു പാട്ടുണ്ട്. പാട്ടില്‍ പെണ്‍കുട്ടിയുടെ കണ്ണുകളും ചുണ്ടുകളും മാത്രമേ കാണിക്കുന്നുള്ളൂ. ആ കാണിച്ചത് രാധികയെയായിരുന്നു. അങ്ങനെയാണ് രാധിക റസിയയാകുന്നത്.
ചില ആളുകള്‍ക്ക് ചില കഥാപാത്രങ്ങള്‍ ആദ്യം ഗുണമാകുകയും പിന്നീടു ദോഷമാകുകയും ചെയ്യും. നീലത്താമരയില്‍ അര്‍ച്ച കവിക്കും ക്ലാസ്‌മേറ്റ്‌സില്‍ രാധികയ്ക്കും അതുണ്ടായി. അത്രയധികം ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ ആ കഥാപാത്രത്തില്‍ നിന്ന് പിന്നീട് അവര്‍ക്കു മോചനം ലഭിച്ചിട്ടില്ലെന്നും ലാല്‍ േജാസ് പറയുന്നു.