ജാർഖണ്ഡ്: വിവാഹ ചടങ്ങിൽ ഭക്ഷണത്തെ ചൊല്ലി തർക്കവും കൂട്ടത്തല്ലും. സംഭവത്തിൽ വീടിന് നേരെ കല്ലെറിഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. ജാർഖണ്ഡിലെ ഗിരിദിയിലെ പത്രോഡി ഗ്രാമത്തിൽ ശങ്കർ യാദവിന്‍റെ വീട്ടിൽ നടന്ന വിവാഹ ആഘോഷ പരിപാടിയിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ നാലോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വിവാഹത്തിനെത്തിയ ഒരാൾ രാത്രിയില്‍ കഴിക്കാനായി പൂരി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല. പ്രകോപിതനായ ഇയാള്‍ വിവാഹത്തിന് ക്ഷണിക്കപ്പെടാത്തിരുന്ന പുറത്ത് നിന്നുള്ള ചില പരിചയക്കാരെ വിളിച്ചു വരുത്തുകയും തനിക്ക് പൂരി തരാത്തത് ചോദ്യം ചെയ്യുകയും ചെയ്തതു.
ഇതോടെ വിവാഹ വീട്ടിൽ അതിഥികൾ രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം അസഭ്യവർഷം നടത്തുകയും കൈയ്യാങ്കളിയിലെത്തുകയുമായിരുന്നു.
ചിലർ വിവാഹ വീട്ടിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. മറ്റ് ചിലര്‍ ആയുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി രംഗം ശാന്തമാക്കി.