കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിലായി. പയ്യോളി തിക്കോടി സ്വദേശി തെക്കേ കൊല്ലങ്കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെ(27)നെയാണ് പയ്യോളി പോലീസ്അ റസ്റ്റ് ചെയ്തത്.
മുംബൈയിൽ നിന്ന് നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ വടകര സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതിയെ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അടുത്ത ബന്ധുക്കളുടെ ഉൾപ്പെടെ നിരവധി പേരുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പ്രദേശത്തെ സ്ത്രീകളുടെ പരാതിയിലാണ് വിഷ്ണുവിനെതിരേ കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോയി.
കന്യാകുമാരിയില്‍ ആയിരുന്ന പ്രതി പിന്നീട് മുംബൈക്ക് കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.
എസ്ഐ എം.എ. പ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം അനിൽകുമാർ, കെ.എം. രതീഷ്, ആഷില്‍ ശ്രിധർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.